ചങ്ങനാശേരി: ചെത്തിപ്പുഴ-കണ്ണമ്പേരൂർചിറ- മുളക്കാംതുരുത്തി തോട്ടിൽ രാസമാലിന്യം കലർത്തിയതായി പരാതി. മത്സ്യങ്ങൾ ചത്തുപൊങ്ങുകയും തോട്ടിലെ പോള അഴുകി തുടങ്ങുകയും ചെയ്തതോടെ ആശങ്കയിലായിരിക്കുകയാണ് സമീപത്തെ കർഷകർ. തോടിന്റെ സമീപങ്ങളിലെ ആളുകളും പാടശേഖരങ്ങളിലെ കർഷകരും തൊഴിലാളികളും ഉപയോഗിച്ചിരുന്ന വെള്ളത്തിലാണ് രാസമാലിന്യം കലര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ മഴയിൽ തോടിനു സമീപങ്ങളിലുള്ള പുറത്തേരി-മാവിളങ്ങ് പാടശേഖരത്തിലെ 100 ഏക്കർ നിലത്തെ നെല്ല് പാടത്ത് വീണുകിടക്കുകയാണ്. കൊയ്ത്തുയന്ത്രങ്ങൾ ലഭിക്കാത്തതു മൂലം ഈ പാടശേഖരങ്ങളിലെ കൊയ്ത്തും നീളുകയാണ്. ഈ സാഹചര്യത്തിലാണ് സമീപത്തെ തോട്ടിലെ വെള്ളത്തിൽ എണ്ണകലർന്ന രാസമാലിന്യം നിറഞ്ഞത്.
ഇത് കൊയ്യാറായ നെല്ലിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. കർഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, മാടപ്പള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനീനാ സൂസൻ, വാഴപ്പള്ളി സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. പ്രദീപ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തോട്ടിലെ വെള്ളം പരിശോധിക്കുന്നതിന് പൊലൂഷൻ കണ്ട്രോൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.