കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം പിടിക്കാൻ ജോസ് കെ മാണി വിഭാഗത്തിന്റെ നിർണായക നീക്കം. നാളെ കോട്ടയത്ത് സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരും. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് 127 അംഗങ്ങൾ ഒപ്പുവച്ച കത്ത് നൽകി 10 ദിവസം കഴിഞ്ഞിട്ടും പി ജെ ജോസഫ് സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാത്തതിനാലാണ് സമാന്തര നീക്കവുമായി ജോസ് കെ മാണി വിഭാഗം രംഗത്ത് എത്തിയത്. നാളെ കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചെയർമാൻ തെരഞ്ഞെടുപ്പ് തന്നെയാണ് മുഖ്യ അജണ്ടയെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
സമവായം എന്ന ആവശ്യം മുന്നോട്ടുവക്കുമ്പോഴും ഗ്രൂപ്പ് യോഗങ്ങൾ ചേർന്ന പി ജെ ജോസഫിന്‍റെ നിലപാടിനെ ജോസ് കെ മാണി വിമർശിച്ചു. സഭയിൽ ജോസഫ്, കെ എം മാണിയുടെ ഇരിപ്പിടം ആവശ്യപ്പെട്ടത് എംഎൽഎമാരോട് ചർച്ചചെയ്യാതെയെന്നും ആരോപണമുയർന്നു. എന്നാൽ നാളെ നടക്കുന്ന യോഗത്തിൽ പി ജെ ജോസഫ് പക്ഷം പങ്കെടുക്കില്ലെന്നാണ് സൂചന. യോഗത്തിൽ പാർട്ടി ചെയർമാൻ പ്രഖ്യാപനമുണ്ടായാൽ പാർട്ടി പിളരാനാണ് സാധ്യത കൂടുതൽ.