കോട്ടയം: കേരള കോൺഗ്രസ് എമ്മിലെ തർക്കത്തിൽ പി ജെ ജോസഫിനെ അനുകൂലിച്ച് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്. കേരള കോൺഗ്രസ് എമ്മിലെ തർക്കത്തിൽ ആദ്യമായാണ് പാര്‍ട്ടിയുടെ മുൻ നേതാവ് കൂടിയായ ഫ്രാൻസിസ് ജോർജ് പ്രതികരിക്കുന്നത്. പാർട്ടിയിൽ ഒരു തവണ മാത്രമാണ് ചെയർമാൻ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നതെന്നും സമവായമായിരുന്നു പാർട്ടിയുടെ കീഴ്വഴക്കമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.
വൈസ് ചെയർമാൻ, വർക്കിങ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലേക്കും സമവായമായിരുന്നു മാനദണ്ഡം. ജോസഫ്- മാണി ലയന സമയത്ത് മാണി വിഭാഗം മേൽക്കൈ ഉറപ്പിച്ചത് ജനാധിപത്യപരമായല്ല. വ്യക്തികേന്ദ്രീകൃതമായ നീക്കം ജനാധിപത്യമായി കാണാനാകില്ലെന്നും ജോസ് കെ മാണിയുടെ പേര് പരാമർശിക്കാതെ അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളും ഒന്നിച്ചാൽ, കേരള രാഷ്ട്രീയത്തെ സ്വാധീനിച്ചിരുന്ന കാലത്തേക്ക് കേരള കോൺഗ്രസിന് തിരിച്ചു പോകാമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ജനാധിപത്യ കേരള യൂത്ത് ഫ്രണ്ടിന്‍റെ യോഗത്തിലാണ് ഫ്രാൻസിസ് ജോർജ് നിലപാട് വ്യക്തമാക്കിയത്.