കോട്ടയം: മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ. താൻ എതിർത്തത് ലീഗ് എന്ന പാർട്ടിയെ അല്ലെന്നും ലീഗിലെ അഴിമതിക്കാരെയാണെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
ഇടതുമുന്നണിയിലേക്ക് ആർക്കുവേണമെങ്കിലും വരാം. ആരു വന്നാലും കേരള കോൺഗ്രസ് ബിയുടെ സ്ഥാനം പോകുമെന്ന പേടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.പി ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്‍റെ നിർദേശമാണ്. മതേതരത്വം സംരക്ഷിക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ. യുഡിഎഫിൽ നടക്കുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള അടി ആണെന്നും എംഎൽഎ വിമർശിച്ചു.
യുഡിഎഫിൽ ലീഗില്ലെങ്കിൽ കോൺഗ്രസിന് ഭയമുണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇടതുമുന്നണിയിലേക്ക് ലീഗ് വരുന്നതിൽ എതിർപ്പില്ലെന്ന് കെ.ബി ഗണേഷ് കുമാറും പറയുന്നത്.
കൂടുതൽ പേർ എൽഡിഎഫിലേക്ക് വരും. രാഷ്‌ട്രീയ നയതന്ത്രജ്ഞരുടെ കിങ് മേക്കറാണ് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിന് എൽഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കിൽ അവർ വരട്ടെ, ബാക്കി കാര്യങ്ങൾ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇ.പി ജയരാജന്‍റെ പ്രതികരണം.