കോട്ടയം: പഴയ സിമി നേതാവായ കെടി ജലീലിൽ നിന്നും ഇന്ത്യ വിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാക് അധീന കശ്‌മീരിനെ കുറിച്ച് 'ആസാദ് കാശ്‌മീർ' എന്ന ജലീലിന്‍റെ പരാമർശം രാജ്യത്തിന്‍റെ അഖണ്ഡതക്കെതിരാണ്. രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
'ഇന്ത്യൻ അധിനിവേശ കശ്‌മീർ എന്ന പ്രയോഗം പാകിസ്ഥാന്‍റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. സൈന്യത്തിനെതിരെയും ജലീലിന്‍റെ പോസ്റ്റിൽ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീൽ ചെയ്യുന്നത്. കശ്‌മീരിന്‍റെ ഒരു ഭാഗം പാകിസ്ഥാൻ അനധികൃതമായി പിടിച്ചെടുത്തതാണ്.
മുഴുവൻ കശ്‌മീരും ഭാരതത്തിന്‍റെ അവിഭാജ്യഘടകമാണെന്ന് 1994ൽ പാർലമെന്‍റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടന വിരുദ്ധമായ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read: വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്; കെടി ജലീല്‍ രാജിവെക്കണമെന്ന് വി മുരളീധരന്‍