കോട്ടയം : വിജിലൻസ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ കോട്ടയം ജില്ലയിലെ വിവിധ വില്ലേജ് ഓഫിസര്‍മാരെ ഫോണിൽ വിളിച്ച് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി പിടിയിൽ. വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്‍റെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. എരുമേലി താഴത്തതിൽ ഷിനോസ് ഷാനവാസിനെയാണ് വിജിലൻസ് സംഘം പിടികൂടി പാലാ പൊലീസിന് കൈമാറിയത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇയാൾ വില്ലേജ് ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് ചങ്ങനാശേരി വില്ലേജ് ഓഫിസര്‍മാര്‍ വിജിലൻസിനെ സമീപിക്കുകയായിരുന്നു. കൂടാതെ മീനച്ചിൽ വില്ലേജ് ഓഫിസര്‍ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ക്കും , കാഞ്ഞിരപ്പള്ളി ഓഫിസര്‍ കാഞ്ഞിരപ്പള്ളി എസ്.എച്ച് ഒയ്ക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ അന്വേഷണത്തിലാണ് പ്രതി എരുമേലി സ്വദേശി ഷിനോദ് ആണെന്ന് കണ്ടെത്തിയത്.
എരുമേലിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ വിജിലൻസ് സംഘം പാലാ പൊലീസിന് കൈമാറി. ഇന്‍റെലിജന്‍റ്സ് സി.ഐ സജു എസ്. ദാസ് , എസ്.ഐ സ്റ്റാൻലി തോമസ് , സൈബർ ഉദ്യോഗസ്ഥനായ മനോജ് പി.എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ വില്ലേജ് ഓഫിസര്‍മാരേയും കഴിഞ്ഞ ഒരു മാസമായി ഇയാൾ ഭീഷണിപ്പെടുത്തി വരികയായിരുന്നു
കൈക്കൂലി കേസ് നിലവിലുണ്ടെന്നും നടപടിയെടുക്കാതിരിക്കണമെങ്കിൽ 10,000 മുതൽ 50,000 രൂപ വരെ കൈക്കൂലിയായി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വില്ലേജ് ഓഫിസര്‍മാരെ ഭീഷണിപ്പെടുത്തിയത്. പാലാ കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ പാലാ പൊലീസിന് കൈമാറിയിരിക്കുന്നത്.
ALSO READ: ലോറിയിടിച്ച് വിമുക്ത ഭടൻ മരണപ്പെട്ട കേസ്; ഒരു വർഷത്തിന് ശേഷം ഡ്രൈവർ അറസ്റ്റിൽ