കോട്ടയം: അമ്മയും മക്കളും മാത്രമടങ്ങുന്ന കുടുംബത്തെ പെരുവഴിയിലാക്കി തൃശൂർ അർബൻ സഹകരണ ബാങ്ക് വീട് ജപ്‌തി ചെയ്‌തതിൽ നടപടിയുമായി സഹകരണ മന്ത്രി വി.എൻ വാസവൻ. കുടുംബത്തിന് വീട് തിരികെ നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. റിസ്‌ക് ഫണ്ടിൽ നിന്ന് ഇതിന് ആവശ്യമായ തുക നൽകാനാണ് തീരുമാനമെന്നും സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.
കോടതി ഉത്തരവ് പ്രകാരമാണ് വീട് ജപ്‌തി ചെയ്‌തത്. കോടതി ഉത്തരവാണെങ്കിൽ പോലും ചെറിയ തുണ്ടം ഭൂമി ജപ്‌തി ചെയ്യുമ്പോൾ പുതിയ ഷെൽട്ടർ ഉണ്ടാക്കിയിട്ടേ അത് ചെയ്യാവൂ എന്നാണ് സർക്കാർ നിലപാട്. അതിന്‍റെ അടിസ്ഥാനത്തിലാണ് രാവിലെ ജോയിന്‍റ് രജിസ്ട്രാറെ അവിടേക്ക് പറഞ്ഞയച്ചത്. പാവങ്ങളാണെങ്കിൽ ജപ്‌തി ചെയ്‌ത സ്ഥലവും വീടും തിരിച്ചുകൊടുക്കാനുള്ള നടപടികൾ സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരെ വീടിനു പുറത്താക്കിയാണ് തൃശൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് ഭരണസമിതി വീട് ജപ്‌തി ചെയ്‌തത്. അച്ഛന്‍റെ കാൻസർ ചികിത്സയ്ക്ക് വേണ്ടിയാണ് കുടുംബം ഒന്നര ലക്ഷം രൂപ വായ്‌പയെടുത്തത്. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശ ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപ തിരിച്ചടിക്കാനുണ്ടെന്ന് അറിയിച്ച് ബാങ്ക് ജപ്‌തി ചെയ്യുകയായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതരെത്തി വീട് പൂട്ടി പോയത്. ഉടുതുണിയും ഭക്ഷണ സാധനങ്ങളും അടക്കം വീടിനുള്ളിലാക്കി സീൽ ചെയ്യുകയായിരുന്നു.
Read More: ഉടുതുണിയും ഭക്ഷണവും വീടിനുള്ളില്‍: അമ്മയേയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തു