കോട്ടയം: ലഹരിക്കെതിരെ ഹിന്ദിയിൽ മുദ്രാവാക്യങ്ങളുയർത്തി കോട്ടയത്ത് അതിഥി തൊഴിലാളികളുടെ ബോധവത്കരണ റാലി. അതിഥി തൊഴിലാളികളിൽ അവബോധം സൃഷ്‌ടിക്കാൻ തൊഴിൽ വകുപ്പ് നടത്തുന്ന 'കവച്' ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ശാസ്ത്രി റോഡ് വരെയാണ് ബോധവത്കരണ റാലി സംഘടിപ്പിച്ചത്. 'നശേ കോ നാ , ജീവൻ കോ ഹാ ' തുടങ്ങി ഹിന്ദിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമായി 156 അതിഥി തൊഴിലാളികൾ റാലിയിൽ പങ്കെടുത്തു.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ റാലി ഫ്ലാഗ് ഓഫ് ചെയ്‌തു. ലഹരിയിൽ നിന്ന് അകന്നു നിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അതിഥി തൊഴിലാളികളോട് എംഎൽഎ പറഞ്ഞു.
വൈക്കം അസിസ്റ്റന്‍റ് ലേബർ ഓഫിസിൻ്റെ നേതൃത്വത്തിൽ പെരുവ വ്യാപാരി ഭവനിൽ സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിഎസ് ശരത് ഉദ്ഘാടനം ചെയ്‌തു. ജില്ല ലേബർ ഓഫിസർ എം. ജയശ്രീ അധ്യക്ഷത വഹിച്ചു. അതിഥി തൊഴിലാളികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. വാസുദേവൻ നായർ, വെള്ളൂർ എസ്.ഐ. എച്ച്. മുജീബ് എന്നിവർ പ്രസംഗിച്ചു. നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് ഡി.ഇ.ഒ. എസ്. ജ്യോതിലക്ഷ്മി ഗസ്റ്റ് അപ്പ് പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചു. ആരോഗ്യ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസുകളെടുത്തു.