കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കോട്ടയം ജില്ലയിലും പരസ്യ പ്രചാരണത്തിന് സമാപനമായി. കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തോടെയുള്ള കൊട്ടിക്കലാശം ഒഴിവാക്കിയായിരുന്നു പരസ്യപ്രചാരണ സമാപനം. യുഡിഎഫ് കോട്ടയത്ത് പ്രചാരണ സമാപന യോഗം തന്നെ ഒഴിവാക്കിയിരുന്നു. അതേസമയം നഗരത്തിന് പുറത്ത് വിവിധയിടങ്ങളില്‍ ഇരുചക്ര വാഹനങ്ങളിൽ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
കോട്ടയം നഗരത്തില്‍ സെന്‍ട്രല്‍ ജങ്ഷന്‍ കേന്ദ്രീകരിച്ചായിരുന്നു എല്‍ഡിഎഫിന്‍റെയും എന്‍ഡിഎയുടെയും പരസ്യ പ്രചാരണ സമാപനം. എന്‍ഡിഎ നേതാക്കളും സ്ഥാനാര്‍ഥികളും പ്രകടനമായി ഗാന്ധി പ്രതിമയ്ക്ക് സമീപമെത്തി. തുടര്‍ന്ന് നടന്ന യോഗം എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ നോബിള്‍ മാത്യു ഉദ്ഘാടനം ചെയ്‌തു. ചുരുക്കം നേതാക്കളും ഏതാനും സ്ഥാനാര്‍ഥികളും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് യോഗം സംഘടിപ്പിച്ചത്.
എല്‍ഡിഎഫിന്‍റെ കോട്ടയം നഗരസഭയിലെ പരസ്യ പ്രചാരണ സമാപനം തിരുനക്കര ബസ് സ്റ്റാന്‍റിന് സമീപം നടന്നു. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ യോഗം ഉദ്ഘാടനം ചെയ്‌തു. നേതാക്കളായ വി ബി ബിനു, പി ജെ വര്‍ഗ്ഗീസ്, എം കെ പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരസ്യ പ്രചാരണ സമാപനത്തില്‍ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാന്‍ ഡിവൈഎസ്‌പി ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് നഗരത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. പരസ്യ പ്രചാരണം സമാപിച്ചതോടെ മുന്നണികള്‍ നാളെ നിശബ്‌ദ പ്രചാരണം നടത്തും. ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം അതത് മുന്‍സിപ്പല്‍, ബ്ലോക്ക് കേന്ദ്രങ്ങളില്‍ നാളെ നടക്കും. മൂന്ന് മണിയോടെ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തീകരിക്കും. നാളെ വൈകുന്നേരത്തോടെ ബൂത്തുകളും പൂര്‍ണ്ണ സജ്ജമാകും.