കോട്ടയം: പരിശീലനമോ ഗുരുക്കന്‍മാരോ ഇല്ലാതെ നന്ദു വരച്ചുതീര്‍ക്കുന്നത് മനോഹരങ്ങളായ ചിത്രങ്ങളാണ്. പൂഞ്ഞാര്‍ പയ്യാനിത്തോട്ടം സ്വദേശിയായ നന്ദു എ.എസ്. ആണ് സ്വയം പരിശീലിച്ചെടുത്ത ചിത്രരചനയിലൂടെ വിസ്മയം തീര്‍ക്കുന്നത്. പ്ലസ് വണ്‍ പഠനകാലത്ത് തുടങ്ങിയ നേരം പോക്ക് ഇന്ന് നന്ദുവിന് ഒരു വരുമാന മാര്‍ഗം കൂടിയാണ്.
ചാര്‍ക്കോള്‍, ഗ്രാഫൈറ്റ്, സ്റ്റെന്‍സില്‍ ചിത്രങ്ങളാണ് നന്ദു വരയ്ക്കുന്നത്. സിനിമ താരങ്ങളായ ടോവിനോ തോമസ്, ജോജു , തുടങ്ങിയവരെ നേരിട്ട് കണ്ട് അവരുടെ ചിത്രങ്ങള്‍ ഒപ്പിട്ട് വാങ്ങാനും നന്ദുവിന് അവസരം ലഭിച്ചു. ഏറ്റവുമധികം ചിത്രം വരച്ചത് നടന്‍ ജയസൂര്യയുടേതാണെങ്കിലും നടനെ നേരിട്ട് കാണാനായിട്ടില്ലെന്ന നിരാശയും നന്ദുവിനുണ്ട്. ബിരുദപഠനകാലത്ത് നടന്‍ ഷറഫുദീനും നന്ദു ചിത്രം സമ്മാനിച്ചു. ബികോം പൂര്‍ത്തിയാക്കിയ നന്ദു, ജോലിയിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലാണെങ്കിലും ചിത്രരചനയെ ഒപ്പംതന്നെ കൂട്ടാനാണ് തീരുമാനം.