കോട്ടയം: ചങ്ങനാശേരി ബോട്ട് ജെട്ടിയ്ക്ക് സമീപത്തെ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കം സംശയിക്കുന്നു. വ്യാഴാഴ്‌ച(ജൂലൈ 13) രാവിലെ പ്രദേശത്ത് എത്തിയവരാണ് മൃതദേഹം കണ്ടത്.
തുടർന്ന് ചങ്ങനാശേരി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ നത്തി. വെള്ളത്തിൽ കിടന്നതിനാൽ മുഖം അടക്കം അഴുകിയിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറയിലേയ്ക്ക് മാറ്റി. മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കൾ എത്തിയാൽ ഇവർക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴയില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി: പുന്നപ്രയിൽ പൊലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെയാണ് ഇന്ന് (ജൂലൈ 13) രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
കോഴിക്കോടും പാലക്കാടും അജ്ഞാത മൃതദേഹം : ചാലിയം കടപ്പുറത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ആനങ്ങാടി ഫിഷ് ലാന്‍റിങ്ങിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മുഖം അഴുകി തുടങ്ങിയതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
പാലക്കാട് തൃത്താലയിലും അടുത്തിടെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഭാരതപ്പുഴയിലെ കരിമ്പനക്കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം വെള്ളത്തില്‍ കിടന്ന് അഴുകിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്ടാമ്പി ഫയര്‍ഫോഴ്‌സും തൃത്താല പൊലീസും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പട്ടാമ്പിയിലെ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്തും അടുത്തിടെ അജ്ഞാനായ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ വലത് കൈ അറ്റ് പോയിരുന്നു. തലയ്‌ക്കും കാലിനും പരിക്കേറ്റ നിലയില്‍ കൊല്ലം എസ്‌എംപി പാലസ് റെയില്‍വേ ഗേറ്റിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റെയില്‍വേ ട്രാക്കില്‍ പൊലിയുന്ന അജ്ഞാതര്‍: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തിരുവല്ല കുറ്റപ്പുഴയിലെ റെയില്‍വേ ട്രാക്കില്‍ അജ്ഞാതനായ പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 25 വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. 50 വയസ് തോന്നിക്കുന്ന ഇയാളെ പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പിന്നീട് മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വന്ദേ ഭാരതിന് മുന്നില്‍ ചാടി മരിച്ചു : കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് മുന്നില്‍ ചാടി അജ്ഞാതന്‍ മരിച്ചത് ഇക്കഴിഞ്ഞ മെയ് 30നായിരുന്നു. എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ഇയാള്‍ ട്രെയിനിന് മുമ്പിലേക്ക് എടുത്ത് ചാടിയത്. ട്രെയിനിന്‍റെ മുന്‍വശത്തേക്ക് എടുത്ത് ചാടിയ ഇയാള്‍ ദൂരേക്ക് തെറിച്ച് വീണു. ഇയാള്‍ വന്നുവീണതോടെ ട്രെയിന്‍റെ മുന്‍ ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിരുന്നു.