കോട്ടയം : പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വേട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവിനെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഇന്നലെ വെട്ടേറ്റ് മരിച്ച കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ സ്വദേശിനിയുടെ ഭർത്താവ് ഷിനോ മാത്യുവിനെയാണ് അവശ നിലയിൽ കണ്ടെത്തിയത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഷിനോ മാത്യു.
ഇന്നലെ വൈകുന്നേരത്തോടെ ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞാണ് പൊലീസ് എത്തിയത്. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് മണർകാട് നിന്നുള്ള അന്വേഷണ സംഘം ഉൾപ്പെടെ ആശുപത്രിയിലെത്തി. പൊലീസ് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവ് ഷിനോയാണ് യുവതിയുടെ കൊലപാതകത്തിന് പിന്നിൽ എന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. ഇയാൾക്കായി വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്. പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയായ യുവതിയെ ഇന്നലെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
യുവതിയുടെ കൊലപാതകം ഇന്നലെ രാവിലെ : കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ സ്വദേശിനിയായ 26കാരിയാണ് കൊല്ലപ്പെട്ടത്. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം. കളി കഴിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ മക്കളാണ് വെട്ടേറ്റ് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്. തുടർന്ന് കുട്ടികൾ അയൽപക്കത്തെ വീട്ടിൽ വിവരമറിയിക്കുകയുമായിരുന്നു. അയൽവാസികൾ വാർഡ് മെമ്പറെ വിളിച്ച് വരുത്തി.
വാർഡ് മെമ്പർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. യുവതിയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇവരുടെ പിതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ഭർത്താവിനായുള്ള തെരച്ചിൽ പൊലീസ് തുടരുന്നതിനിടെയാണ് ഇയാളെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയുന്നത്.
പാര്‍ട്‌ണർ സ്വാപ്പിങ് കേസ്: 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാൽ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത്. ഭർത്താവ് തന്നെ മറ്റൊരാൾക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന് കൊല്ലപ്പെട്ട യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു നടപടി. ഭർത്താവ് മറ്റു പലരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പ്രകൃതി വിരുദ്ധ പീഡനത്തിനുൾപ്പെടെ ഇരയാക്കിയെന്നും യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വലിയ റാക്കറ്റിന്‍റെ വിവരങ്ങളാണ് പുറത്ത് വന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ സീക്രട്ട് ചാറ്റിങ് : 'കപ്പിൾ ഷെയറിങ്', 'കപ്പിൾ മീറ്റ് അപ്പ് കേരള' എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഗ്രൂപ്പുകൾ നിർമിച്ചാണ് ഇവർ പ്രവർത്തിച്ചു വന്നിരുന്നത്. സീക്രട്ട് ചാറ്റുകളിലൂടെയാണ് ഗ്രൂപ്പ് അംഗങ്ങൾ ആശയ വിനിമയം നടത്തിയത്. ഭാര്യമാരെ കൈമാറുന്നവർക്ക് പണം നൽകുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആയിരത്തിൽ അധികം പേർ ഈ ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്നു.
പരാതിക്കാരിയായ യുവതി എട്ട് പേരുടെ ക്രൂര പീഡനത്തിന് ഇരയായതായും സംഘത്തിന്‍റെ ഭാഗമാകാൻ വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് മർദിക്കുകയും കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് യുവതിയുടെ സഹോദരൻ ഇടിവി ഭാരതിനോട് വെളിപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തോളം ഇയാൾ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും സഹോദരൻ പറഞ്ഞിരുന്നു.
Also Read : പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവിനായി തെരച്ചിൽ