കോട്ടയം : ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ മലപ്പുറം കുഴിമന്തി ഹോട്ടലിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആർപ്പൂക്കര സ്വദേശി കെ ആർ ഷാജിക്കും കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങൾക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഷാജിയുടെ ഭാര്യ ചന്ദ്രിക ഷാജി, കൊച്ചുമക്കളായ സിദ്ധാർഥ് പി.എസ് (18), ഹരിദേവ് ഷൈൻ (13), അദിദേവ് സന്തോഷ് (9), ദേവദത്ത് സന്തോഷ് (5) എന്നിവർ ഗുരുതരാവസ്ഥയിൽ അഞ്ച് ദിവസത്തോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഫോണിൽ പരാതി അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും ഷാജി പറയുന്നു.
അതേസമയം ഭക്ഷ്യ വിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും പ്രവർത്തനാനുമതി നൽകിയ കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്‌പെന്‍ഡ് ചെയ്‌തു. ഹെൽത്ത് സൂപ്പർവൈസർ സാനുവിനെയാണ് സസ്പെൻഡ് ചെയ്‌തത്. നേരത്തെ ഭക്ഷ്യ വിഷബാധയുണ്ടായതിനെത്തുടർന്ന് അടച്ച ഹോട്ടലിന്‍റെ പിഴവുകൾ പരിഹരിക്കാതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകിയത്.
ALSO READ: കോട്ടയത്തെ ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം : രശ്‌മി രാജിന്‍റെ മൃതദേഹം സംസ്‌കരിച്ചു
ഡിസംബര്‍ 29ന് കോട്ടയം സംക്രാന്തിയിലെ കുഴിമന്തി എന്ന ഹോട്ടലിൽ നിന്ന് അല്‍ഫാം കഴിച്ചതിന് പിന്നാലെയാണ് രശ്‌മി എന്ന നഴ്‌സ് മരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കോട്ടയം മെഡിക്കൽ കോളജ് ഓർത്തോ വിഭാഗം ഐസിയുവിലെ നഴ്‌സായിരുന്നു രശ്‌മി.
ALSO READ: ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവതിയുടെ മരണം; ഹോട്ടൽ അടിച്ചുതകർത്ത് ഡിവൈഎഫ്ഐ