കോട്ടയം: ക്രിസ്‌തുമസിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും. മരംകോച്ചുന്ന തണുപ്പില്‍ ക്രിസ്‌തുമസ് രാവുകളില്‍ ആടിയും പാടിയും വീട്ടുപടിക്കലെത്തുന്ന ക്രിസ്‌തുമസ് പപ്പായുടെ വസ്‌ത്രങ്ങളും മുഖംമൂടികളുമായി തെരുവോരം കീഴടക്കി രാജസ്ഥാനില്‍ നിന്നുള്ള കച്ചവട സംഘം. കോടിമതയിലെ നാലുവരിപ്പാതയിലെ ഇരുവശങ്ങളിലുമുള്ള നടപ്പാതയിലാണ് രാജസ്ഥാന്‍ സംഘം കച്ചവടം പൊടിപൊടിക്കുന്നത്.
പാതയിലൂടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ചുവപ്പും വെള്ളയും കലര്‍ന്നുള്ള വസ്‌ത്രങ്ങളും തൊപ്പികളുമെല്ലാം റോഡരികില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ക്രിസ്‌മസ് പാപ്പ തൊപ്പി, മാസ്‌ക്, ഡ്രസ്, എന്നിവയെല്ലാം സംഘത്തിന്‍റെ പക്കലുണ്ട്.
പാപ്പയുടെ തൊപ്പിയുടെ വില 20, 30, 40 എന്നിങ്ങനെയാണ്. തൊപ്പിയും മാസ്‌കും ഉള്‍പ്പെടുന്നതിന് 100 രൂപയാണ് വില. ക്രിസ്‌തുമസ് പപ്പായുടെ ഡ്രസിനാകട്ടെ 300 രൂപ മുതല്‍ 500 രൂപ വരെയാണ് വില. ഡല്‍ഹിയില്‍ നിന്നാണ് സംഘം ഇവയെല്ലാം വില്‍പ്പനക്കെത്തിക്കുന്നത്.
നാല് ദിവസം മുമ്പാണ് കോടിമാതയിലെത്തി സംഘം കച്ചവടം തുടങ്ങിയത്. രാജസ്ഥാനിൽ കൺസ്ട്രക്ഷൻ മേഖലയിലും ഗോതമ്പ് പാടശേഖരത്തിലുമാണ് ജോലിയെന്നും, ക്രിസ്‌തുമസ് പ്രമാണിച്ച് കേരളത്തിലേക്ക് വന്നതാണെന്നും വ്യാപാരികളായ ഭരത്‌ലാലും സോണിയും പറഞ്ഞു.