കോട്ടയം: ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയായ രാമപുരം ഗവ. ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച നാല് മണിക്ക് മന്ത്രി കെ കെ ഷൈലജ നിർവഹിക്കും. ജോസ് കെ മാണി എംപി അധ്യക്ഷത വഹിക്കും. രാമപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററാണ് ആധുനിക നിലവാരത്തിലുള്ള കെട്ടിടത്തിലേക്ക് മാറുന്നത്. 5000 ചതുരശ്ര അടി വിസ്തിർണത്തിലാണ് കെട്ടിടം. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. ഉപകരണങ്ങളും ആശുപത്രിക്ക് വേണ്ട മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി വരികയാണ്. കെ എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ നബാർഡിന്റെ സഹായത്തോടെ അനുവദിച്ച 10.50 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
കുട്ടികൾ, വനിതകൾ, പുരുഷൻമാർ എന്നിവർക്കുള്ള വാർഡുകൾ, ഒപി സൗകര്യങ്ങൾ, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പ്രസവ മുറി, എക്‌സ് റേ, ശസ്ത്രക്രിയാ മുറി, അത്യാഹിത വിഭാഗം എന്നിങ്ങനെ ജനറൽ ആശുപത്രി നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. 100ലേറെ രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ടാകും. പുതിയ കെട്ടിടം ലഭ്യമാകുന്നതോടെ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ആശുപത്രിയായി ഉയർത്താൻ കഴിയും. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, വിഎന്‍ വാസവന്‍ തുടങ്ങിയവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംബന്ധിക്കും.