കോട്ടയം: നഗരമധ്യത്തിൽ കാൽക്കിലോ കഞ്ചാവുമായി പെരുമ്പായിക്കാട് സ്വദേശി പൊലീസ് പിടിയിൽ. പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ ജോൺസൺ പി.പിയാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച രാവിലെ ഒൻപതരയോടെയാണ് പ്രതിയെ കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്‍റെയും ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നു പിടികൂടിയത്.
തമിഴ്‌നാട്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ ജോൺസൺ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പുളിമൂട് ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന്, ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാൽകിലോ കഞ്ചാവ് കണ്ടെത്തിയത്.