കോട്ടയം : താന്‍ നല്‍കിയ പട്ടയങ്ങൾ റദ്ദ് ചെയ്യാനുള്ള നീക്കം കോടികളുടെ അഴിമതി നടത്താൻ വേണ്ടിയാണെന്ന് മുൻ അഡീഷണൽ തഹസിൽദാർ എം.ഐ രവീന്ദ്രൻ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണം. മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്താണ് പട്ടയങ്ങൾ റദ്ദ് ചെയ്യാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. പട്ടയങ്ങൾക്ക് നിയമസാധുത ഇല്ലാതായത് റവന്യൂ വകുപ്പിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
1964-ലെ കേരള ഭൂമിപതിവ് ചട്ടങ്ങള്‍, 1971-ലെ കണ്ണന്‍ദേവന്‍ ഹില്‍സ് പട്ടയ വ്യവസ്ഥകള്‍ എന്നിവ ലംഘിച്ചു, അധികാര പരിധി മറികടന്ന് പട്ടയങ്ങള്‍ നല്‍കി, തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ നല്‍കിയ പട്ടയങ്ങൾ റദ്ദ് ചെയ്യാൻ ഉത്തരവ് ഇറക്കിയത്.
അഡീഷണല്‍ തഹസില്‍ദാരുടെ ചുമതല തനിക്ക് ഏൽപ്പിച്ച് ജില്ല കലക്ടർ ഉത്തരവിറക്കിയിരുന്നു. 1964 ലെ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകി. എന്നാൽ റവന്യൂ വകുപ്പില്‍ നിന്നും സ്റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓര്‍ഡര്‍ (എസ്.ആര്‍.ഒ.) ആയി 23 വര്‍ഷങ്ങള്‍ ആയിട്ടും സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
Also Read: 'KSEB ചെയർമാന്‍റെ ആരോപണങ്ങള്‍ തള്ളുന്നു' ; യോജിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന് കെ കൃഷ്ണന്‍കുട്ടി
റവന്യൂ വകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയ്ക്ക് ഞാന്‍ ഉത്തരവാദിയല്ല. തന്നില്‍ നിന്നും പട്ടയം വാങ്ങിയവരും ഉത്തരവാദിയല്ലെന്നും രവീന്ദ്രൻ വാദിച്ചു. പട്ടയം റദ്ദാക്കുമെന്ന് പറഞ്ഞ് ഇപ്പോൾ ഈ ഭൂമി കൈവശം വച്ചിരിക്കുന്ന റിസോർട്ട് ഉടമകളിൽ നിന്നും കോടികൾ വാങ്ങാനുള്ള നീക്കമാണിത്.
റവന്യൂ വകുപ്പിലെ സിപിഐയുടെ സര്‍വീസ് സംഘടനയാണ് ഇതിനുവേണ്ടി പ്രവർത്തിച്ചതെന്നും എംഐ രവീന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.