കോട്ടയം: വാട്സ് ആപ്പില്‍ നമ്പര്‍ ബ്ലോക്ക് ആക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തമ്മില്‍ തല്ലിയ പൊലീസുകാരിക്കും എ.എസ്.ഐയ്ക്കും സസ്‌പെൻഷൻ. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സി.ജി സജികുമാർ, മുണ്ടക്കയം സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസർ വിദ്യാരാജൻ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി ഡി.ശില്പ സസ്‌പെൻഡ് ചെയ്തത്.
പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു നടപടിക്ക് കാരണമായ സംഭവം. എ.എസ്.ഐയും വനിത പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന സൗഹൃദം എ.എസ്.ഐയുടെ ഭാര്യ ചോദ്യം ചെയ്തതോടെയാണ് പ്രശ്നത്തിന് തുടക്കമാകുന്നത്. നിരന്തരമായി എ.എസ്.ഐയുടെ ഫോണിലേക്ക് സുഹൃത്തിന്റെ സന്ദേശങ്ങൾ എത്തിയതിനെ ഭാര്യ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായാണ് മെസേജ് അയച്ചതെന്ന പറഞ്ഞ് സജികുമാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഭാര്യ മറുപടിയില്‍ തൃപ്തയായില്ല.
Also Read: കോട്ടയത്ത് യുവ ഡോക്‌ടർ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ
സജികുമാറിന്‍റെ ഫോൺ പരിശോധിച്ച് ഭാര്യ വിദ്യാരാജനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഭാര്യ ഉദ്യോഗസ്ഥയെ വിളിച്ചതിന്‍റെ പിറ്റേന്ന് എ.എസ്.ഐ, തന്‍റെയും ഭാര്യയുടെയും ഫോണുകളിൽ നിന്ന് സുഹൃത്തായ ഉദ്യോഗസ്ഥയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. അടുത്ത ദിവസം സ്റ്റേഷനില്‍ എത്തിയ സജികുമാറിനോട് വിദ്യാരാജൻ സംഭവത്തെ കുറിച്ച് ചോദിച്ചു.
ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമാകുകയും കൈയാങ്കളിയിലേക്ക് മാറുകയുമായിരുന്നു. സംഭവം വിവാദമായതോടെ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ്, സഭ്യകരമല്ലാത്ത പ്രവർത്തനം നടത്തിയതായി കണ്ട് രണ്ട് പേരെയും സ്ഥലം മാറ്റുകയായിരുന്നു. തുടർന്ന് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇരുവരെയും സസ്‌പെൻഡ് ചെയ്തു.