കോട്ടയം: കട്ടച്ചിറയിൽ ആംബുലൻസ് ഡ്രൈവിങ് പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ നാല് പേർക്ക് പരിക്ക്. നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്‍പ്പനക്കാരന്‍റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിയ്‌ക്കുകയായിരുന്നു. പാലാ ജനറൽ ആശുപത്രിയുടെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്.
രോഗിയെ ഇറക്കിയശേഷം തിരികെ വരുന്ന വഴി ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. ഡ്രൈവറുടെ ശ്രദ്ധ മാറിയ സമയത്ത് കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സില്‍ കയറുകയായിരുന്നു. താക്കോല്‍ വാഹനത്തില്‍ തന്നെയുണ്ടായിരുന്നു. ഗിയറിട്ടതോടെ വാഹനം പിന്നോട്ടുപോയി.
പിന്നാലെ വന്ന രണ്ട് ഓട്ടോറിക്ഷകളിലും നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും ആംബുലന്‍സ് ഇടിച്ചുകയറി. ഒരു ഓട്ടോ റോഡില്‍ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്കും നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന കുഞ്ഞുമോന്‍ എന്നയാള്‍ക്കും പരിക്കേറ്റു. ഇവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ: കോടതി ജീവനക്കാരിയെ മർദിച്ച അച്ഛനും മകനും അറസ്റ്റില്‍, ചുമത്തിയത് ജാമ്യമില്ലാവകുപ്പുകൾ
ഈരാറ്റുപേട്ട സ്വദേശി ജബ്ബാര്‍, പാലാ സ്വദേശി സണ്ണി എന്നിവരുടേതാണ് ഓട്ടോറിക്ഷകള്‍. കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് കരിക്ക് കച്ചവടക്കാരന്‍ പ്രദേശത്ത് നിന്നും അപ്രത്യക്ഷമായി. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.