കോട്ടയം: റോഡപകടത്തിൽ ഗുരുതരാവസ്ഥയിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിക്കാത്ത പൊലീസ് നടപടി വിവാദത്തിൽ. ഞായറാഴ്ചയാണ് കോട്ടയം കുറവിലങ്ങാട്ട്, വെമ്പള്ളിയിൽ ബൈക്കില്‍ പിക്കപ് വാന്‍ ഇടിച്ച് അപകടം ഉണ്ടായത്. കുര്യം സ്വദേശികളായ ഫിലിപ്പ് ജോക്കുട്ടിയും, മകൻ റോണിയും സഞ്ചരിച്ച ബൈക്കിൽ സാധനങ്ങൾ കയറ്റിവന്ന പിക് വാൻ ഇടിക്കുകയായിരുന്നു.
20 മിനിറ്റോളം റോഡിൽ കിടന്ന റോണി കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള വഴിമദ്ധ്യേ മരിച്ചു. എന്നാൽ അപകടത്തിന് തൊട്ടുപിന്നാലെ തൃശ്ശൂർ എ ആർ ക്യാമ്പിലെ പൊലീസ് ജീപ്പ് സ്ഥലത്തെത്തി, ഗുരുതരാവസ്ഥയിൽ കിടന്ന റോണിയെ പൊലീസ് വാഹനത്തിൽ കയറ്റാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ തയാറായില്ല.
അതെ സമയം, എ ആർ ക്യാമ്പിൽ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയണ് നാട്ടുകാർ റോണിയെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതെന്നും അതിനാലാണ് പരിക്കേറ്റയാളെ വാഹനത്തിൽ കയറ്റാൻ സാധിക്കാതിരുന്നതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
പരിക്കേറ്റ റോണിയുടെ പിതാവ് ഫിലിപ്പിനെ ഓട്ടോറിക്ഷയിലാണ് സ്വകാര്യആശുപത്രിയിൽ എത്തിച്ചത്. സംഭവം വിവാദമായതോടെ പ്രശ്നത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെഎം സാബു അറിയിച്ചു.