കോട്ടയം: പക്ഷിപ്പനിയെ തുടര്‍ന്ന് ജില്ലയില്‍ 3,500 താറാവുകളെ കൊന്നൊടുക്കി. രോഗബാധിത മേഖലയില്‍ നാളെയും താറാവുകളെ കൊല്ലും. രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. നീണ്ടൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ 8,000 താറാവുകള്‍ ഉണ്ടായിരുന്ന ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശ പ്രകാരമുള്ള 'കള്ളിയിംഗ്' ആരംഭിച്ചത്. രോഗ വ്യാപനം തടയുന്നതിന് വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്ന രീതിയാണ് കള്ളിയിംഗ്.
പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജില്ലാ കലക്‌ടർ രൂപീകരിച്ച എട്ട് ദ്രുത കര്‍മ സേനാ സംഘമാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച ഫാമില്‍ ആറ് സംഘങ്ങളെയും പുറത്ത് രണ്ട് സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
മൂന്ന് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വരും ദിവസങ്ങളിലും പ്രദേശത്തെ ഫാമുകളില്‍ പരിശോധന തുടരും. നിലവില്‍ ഇവിടുത്തെ വീടുകളില്‍ ആരോഗ്യ വകുപ്പ് സര്‍വേ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് ദ്രുതകര്‍മ സേന മേഖലയിലെ വളര്‍ത്തുപക്ഷികളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. അതിനുശേഷമാകും നിലവില്‍ രോഗം സ്ഥിരീകരിച്ച മേഖലയെ വൈറസ് മുക്തമായി പ്രഖ്യാപിക്കുക.