കോട്ടയം: ചെറുപ്പത്തില്‍ വരയ്ക്കാൻ ഇഷ്‌ടമായിരുന്നു, പക്ഷേ പഠനത്തില്‍ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ചിത്രരചന അവസാനിച്ചു. ഇത് ചങ്ങനാശേരി പുതുപ്പറമ്പിൽ മുഹമ്മദലി ജിന്നയുടെയും സീനത്തിന്‍റെയും ഇളയ മകൾ അസ്ന. ലോക്ക്ഡൗണില്‍ പഠനത്തിന്‍റെ ഇടവേളകളില്‍ എന്തുചെയ്യാമെന്ന ചിന്തയാണ് അസ്‌നയെ പഴയ ഇഷ്‌ടത്തിലേക്ക് വീണ്ടും വഴിതിരിച്ചത്.
ആ വാർത്താ സമ്മേളനങ്ങൾ
കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാർത്താ സമ്മേളനങ്ങൾ കണ്ടുതുടങ്ങിയതോടെ ആ മുഖം മനസിൽ പതിഞ്ഞു. ആദ്യം വരച്ച ചിത്രവും മുഖ്യമന്ത്രി പിണറായി വിജയന്‍റേത്. ഇതോടെ മകളിലെ ചിത്രകാരിയെ പുതുപ്പറമ്പിൽ മുഹമ്മദലി ജിന്നയും സീനത്തും അറിഞ്ഞു തുടങ്ങി. അതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഒറ്റ ഫ്രെയിം ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല, ബ്ലാക്ക് സ്കെച്ച് പെൻ കൊണ്ട് ഒറ്റഫ്രെയിമില്‍ അസ്‌ന ചിത്രം പൂർത്തിയാക്കി. ഇപ്പോഴിതാ വീട്ടുകാർ പോലും അറിയാതിരുന്ന കലാകാരി നാടിന്‍റെ മുഴുവൻ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.
also read: ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കി; ഉത്തരവ് വ്യാജമെന്ന് സിസ്റ്റർ ലൂസി
ക്യൂബന്‍ വിപ്ലവ നായകന്‍ ചെഗുവേര, വിവിധ രാഷ്ട്രീയ നേതാക്കൾ, സിനിമ, കായിക താരങ്ങൾ എന്നിവരുടെയെല്ലാം ചിത്രങ്ങൾ അസ്‌ന വരച്ചു സൂക്ഷിച്ചിട്ടുണ്ട്. ഇനിയതെല്ലാം എല്ലാവരേയും കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് ചങ്ങനാശേരി സെന്‍റ് ജോസഫ് സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്ന അസ്‌ന.