കൊല്ലം: ഭർതൃ വീട്ടിൽ ആത്മഹത്യ ശ്രമം നടത്തിയ യുവതി മരിച്ചു. കൊട്ടാരക്കര പുല്ലാമല സ്വദേശി ജിനു ജോൺ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 21നാണ് മൈലം കുളമുടിയിലുള്ള ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ശ്രമം നടത്തിയത്. കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഭർതൃ വീട്ടില്‍ നിരന്തരമുള്ള സ്‌ത്രീധന പീഡനമാണ് മരണകാരണമെന്ന് യുവതിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എട്ടുവർഷം മുൻപാണ് ജിനു, തോമസിനെ വിവാഹം കഴിക്കുന്നത്. സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർതൃ മാതാവും പിതാവും ജിനുവിനെ നിരന്തരം മാനസിക പീഡനം ഏല്‍പ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ആത്മഹത്യ ശ്രമത്തിന് ശേഷം 10 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ അത്യാസന്ന നിലയില്‍ ആയിരുന്നതിനാല്‍ മരണമൊഴി രേഖപെടുത്താൻ കഴിഞ്ഞില്ല.