കൊല്ലം: കാടിനുള്ളിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച വനിതാ വ്‌ളോഗർക്ക് എതിരെ കടുത്ത നടപടിക്ക് ഒരുങ്ങി വനം വകുപ്പ്. വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്‍റെ സഹായത്തോടെ അറസ്‌റ്റ് ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും അമല അനു ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്‌റ്റിന് വനം വകുപ്പ് നീക്കം തുടങ്ങിയത്.
അതേസമയം വ്ളോഗർ ഒളിവിലാണെന്നാണ് വിവരം. പുനലൂർ മാമ്പഴത്തറ വനത്തിനുള്ളിലാണ് വ്ളോഗർ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയത്. കാട്ടിനുള്ളിൽ അതിക്രമിച്ചു കയറുകയും കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തുവെന്നാണ് യൂട്യൂബർക്കെതിരായ കേസ്.
ഹെലിക്യാം ഉപയോഗിച്ചാണ് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഹെലിക്യാമിന്‍റെ ശബ്‌ദം കേട്ട് ആന വിരണ്ടോടുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ അമല അനുവിനെ കാട്ടാന ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
എട്ട് മാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാൽ യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ അടുത്തിടെ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. പുനലൂരിലെ ഫോറസ്‌റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വനം വകുപ്പ് കേസ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകി.