കൊല്ലം: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ചരക്ക് ലോറികളിൽ തമിഴ്നാട്ടിലേക്ക് ആളുകളെ കടത്തുന്ന ലോബികള്‍ സജീവം. തമിഴ്നാട്ടിൽ നിന്നും വരുന്ന ചരക്ക് ലോറികളാണ് ആളുകളെ കടത്താന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ കൊല്ലത്ത് നിന്ന് തെങ്കാശി വഴി തിരുനെൽവേലിക്ക് കടന്നത് സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ 11 പേരാണ്. 500 മുതൽ 1500 രൂപ വരെയാണ് കടത്ത് കൂലിയായി ലോബികള്‍ ഈടാക്കുന്നത്. കൊല്ലം കോർപ്പറേഷൻ പരിധിയിലെ കുറവൻ പാലത്തിന് സമീപത്ത് നിന്നാണ് ബന്ധുക്കൾ ഉൾപ്പെടെ 11 പേർ തിരുനെൽവേലി ശങ്കരൻ കോവിൽ തേവർകുളത്തേക്ക് പോയത്.
ആളൊന്നിന് 500 മുതൽ 1500 രൂപ വരെ ഈടാക്കിയാണ് കടത്ത്. ചരക്ക് ഇറക്കിയ ലോറിയിൽ കിടത്തി ടാർപോളിൻ കൊണ്ട് പുതപ്പിച്ചാണ് കടത്ത്. തമിഴ്നാട് പൊലീസ് തടഞ്ഞപ്പോൾ സംഘം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിനാല്‍ കടത്തിവിടുകയായിരുന്നുവെന്ന് അതിര്‍ത്തി കടന്നവരുടെ വീട്ടുടമ സാബിയത്ത് പറഞ്ഞു. അതിർത്തി കടക്കാനുള്ള ഇവരുടെ ആദ്യശ്രമം വിഫലമായിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ ആപ്പേ ഓട്ടോയിൽ കടക്കാന്‍ ശ്രമിച്ചപ്പോള്‍ കേരള പൊലീസ് തടയുകയായിരുന്നു. പിന്നീടാണ് ചരക്ക് ലോറിക്കാരുടെ സഹായത്തോടെ തമിഴ്നാട്ടിലേക്ക് കടന്നത്.