കൊല്ലം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉയർത്തെഴുന്നേൽപിന്‍റെ പാതയിലായിരുന്നു സംസ്ഥാനത്തെ കൈത്തറി വ്യവസായ മേഖല. എന്നാൽ അപ്രതീക്ഷിതമായുണ്ടായ ലോക്ക് ഡൗൺ മൂലം ചലനമറ്റു കിടക്കുകയാണ് കുറെയധികം തൊഴിലാളികളുടെ തൊഴിലും ജീവിതവും. നെയ്‌ത് വച്ചിരിക്കുന്ന തുണിത്തരങ്ങൾ വിൽക്കാൻ കഴിയുന്നില്ല. പുതിയവ നെയ്യാൻ നൂലും ചായവും കിട്ടാനില്ല. സർക്കാർ ഇടപെടലിനെ തുടർന്ന് സ്കൂൾ യൂണിഫോം തുന്നൽ കിട്ടിയതോടെയാണ് കൈത്തറി മേഖല വീണ്ടും സജീവമായത്. എന്നാൽ ആറുമാസത്തിലധികമായി തൊഴിലാളികൾക്ക് ശമ്പളം കിട്ടിയിട്ട്. വൈകി എങ്കിലും കൂലി കിട്ടുമെന്ന് പ്രതീക്ഷയിലാണ് തൊഴിലാളികൾ. എന്നാൽ ലോക്ക്ഡൗൺ വന്നതോടെ സ്വപ്‌നങ്ങൾ മുഴുവൻ തകർന്നു.
നൂറിലധികം തറികൾ ഉണ്ടായിരുന്ന പല മില്ലുകളിലും ഇന്ന് പത്തില്‍ താഴെ തറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഭൂരിഭാഗം പേരും ഈ തൊഴിൽ മേഖല ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടിപോയി. അവശേഷിക്കുന്ന തൊഴിലാളികൾ മുഴുപട്ടിണിയിലുമാണ്. കൈത്തറി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും 750 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം തൊഴിലാളികളും ക്ഷേമനിധിയിൽ അംഗങ്ങൾ അല്ല. പരമ്പരാഗത തൊഴിൽ വ്യവസായങ്ങളെ താങ്ങി നിർത്തുന്ന തൊഴിലാളികളെ സർക്കാർ കാണാതെ പോകരുതെന്നാണ് ഇവിടെ പണിയെടുക്കുന്നവർക്ക് പറയാനുള്ളത്.