കൊല്ലം : ഉത്ര വധക്കേസ് വിധിയിൽ തൃപ്തയല്ലെന്നും തുടർനടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ മണിമേഖല. പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നീതി കിട്ടിയില്ല. ഇന്ത്യൻശിക്ഷാ നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും ഉത്രയുടെ അമ്മ കൂട്ടിച്ചേർത്തു.
ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊന്ന കേസിലാണ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം അധിക തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി നിരീക്ഷിച്ചെങ്കിലും സൂരജിന്‍റെ പ്രായം പരിഗണിച്ച് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എം.മനോജാണ് വിധി പ്രസ്‌താവിച്ചത്.
കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കൂടാതെ തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വർഷം തടവും കോടതി വിധിച്ചു. 17 വർഷത്തെ ശിക്ഷയ്ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്.
ALSO READ : ഉത്ര വധക്കേസ് : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും അഞ്ച് ലക്ഷം പിഴയും
വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. കേസില്‍ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി.
87 സാക്ഷികളും 288 രേഖകളും നാല്‍പതോളം തൊണ്ടി മുതലും കേസിനാസ്‌പദമായി പൊലീസ് ശേഖരിച്ചിരുന്നു. ദൃക്‌സാക്ഷികളില്ലാതിരുന്നതിനാല്‍ ശാസ്ത്രീയമായും ഡമ്മി പരീക്ഷണത്തിലൂടെയുമായിരുന്നു പൊലീസ് തൊളിവുകള്‍ ശേഖരിച്ചത്. സൂരജിനെതിരെ 1000 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.