കൊല്ലം: കൊല്ലത്ത് കൊവിഡ് 19 രോഗ ലക്ഷണങ്ങളുള്ള രണ്ടുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12 ആയി. രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികൾ എത്തിയ പുനലൂരിലെ ബേക്കറിയിലെ രണ്ട് ജീവനക്കാർ ഉൾപ്പടെയാണ് ഐസൊലേഷനിൽ ഉള്ളത്. പരിശോധനയിൽ രോഗം ഇല്ലെന്ന് കണ്ടെത്തിയ 11 പേർ ഇന്നലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. അതേസമയം, കൊവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്‍റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തന സജ്ജമാകും എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെർലി അറിയിച്ചു.
മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെ സാന്നിധ്യത്തിൽ എല്ലാദിവസവും വിവിധതലങ്ങളിൽ റിവ്യൂ നടത്തും. ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ തലത്തിൽ പരിശീലനം നൽകി. പാരിപ്പള്ളി മെഡിക്കൽ കോളജിൽ അടിയന്തര സാഹചര്യത്തിൽ സേവനം നൽകുന്നതിനായി എം എസ് സി നഴ്സിങ് വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.