കൊല്ലം: സംസ്ഥാനത്ത് വർഷകാല ട്രോളിങ് നിരോധനം അവസാനിച്ചതോടെ ചാകര തേടി ബോട്ടുകൾ വീണ്ടും കടലിലേക്ക് പോയി തുടങ്ങി. ഇതോടെ മത്സ്യബന്ധന തുറമുഖങ്ങൾ വീണ്ടും സജീവമാവുകയാണ്. ട്രോളിങ് നിരോധനം പിൻവലിച്ച ശേഷം കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് ആദ്യ ദിനം കടലമ്മ കനിഞ്ഞു. ബോട്ടുകൾക്ക് കഴന്തൻ, കരിക്കാടി എന്നീ ചെമ്മീൻ ഇനങ്ങളുടെ കൊയ്‌ത്ത് ലഭിച്ചു.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് ബോട്ടുകൾ കടലിലേക്ക് പോയത്. 52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം പ്രതീക്ഷയോടെ ആഴക്കടൽ മത്സ്യബന്ധനത്തിന് പോയവർക്ക് പ്രതീക്ഷയ്‌ക്ക് വകയുണ്ട്. കടലമ്മ കനിഞ്ഞെന്നാണ് മടങ്ങി വന്നവർ പറയുന്നത്. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്നും കടലിൽ പോയ ബോട്ടുകളിൽ ഭൂരിപക്ഷവും തിരിച്ചെത്തിയിട്ടില്ല. തിരിച്ചെത്തിയ ബോട്ടുകൾക്ക് നാൽപതിനായിരം മുതൽ രണ്ട് ലക്ഷം രൂപയുടെ ചെമ്മീൻ ഇനങ്ങളായ കഴന്തനും കരിക്കാടിയും ലഭിച്ചു.
കാലാവസ്ഥ പ്രതികൂലമായതിനാൽ കൂടുതൽ ബോട്ടുകളും മത്സ്യ ബന്ധനത്തിന് പോയിരുന്നില്ല. അതേസമയം ആഴക്കടൽ മത്സ്യബന്ധനം തുടരുന്ന ബോട്ടുകൾക്ക് കിളിമീൻ ലഭിച്ചതായി ബോട്ടുമകൾക്ക് വിവരം ലഭിച്ചു. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധത്തിന് പോകുന്നതിന് സർക്കാർ അഞ്ച് ദിവസത്തേക്ക് നിയന്ത്രണവും നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രമുഖ മത്സ്യബന്ധന തുറമുഖങ്ങളായ കൊല്ലം ജില്ലയിലെ നീണ്ടകര , ശക്തികുളങ്ങര തുറമുഖങ്ങളിൽ നിന്നും അർധരാത്രി മുതൽ തന്നെ നിരവധി ബോട്ടുകൾ കടയിൽ പോയി. ട്രോളിങ് നിരോധനം അവസാനിച്ച് നീണ്ടകര പാലത്തിന് കുറുകെ കെട്ടിയിരുന്ന ചങ്ങല അഴിച്ചതോടെ അർധരാത്രി തന്നെ ബോട്ടുകൾ വീണ്ടും കടലിലിറങ്ങി. ഏകദിന മത്സ്യബന്ധത്തിന് പോകുന്ന ബോട്ടുകളാണ് കൂടുതലും കടലിൽ ഇറങ്ങിയിട്ടുള്ളത്.