കൊല്ലം: സമരങ്ങളും പ്രതിഷേധങ്ങളും അവഗണിച്ച് കൊല്ലം കുരീപ്പുഴയില്‍ ടോള്‍ പിരിവ് വീണ്ടും തുടങ്ങി. ചർച്ചയിലെ തീരുമാനമനുസരിച്ചാണ് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങാന്‍ കരാറുകാർ എത്തിയത്.
പൂജ നടത്തി ടോള്‍ നടപടികള്‍ തുടങ്ങാനൊരുങ്ങവേ ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകർ പ്രതിഷേധിക്കുകയും പൂജാപാത്രം വലിച്ചെറിയുകയും പൂജാ വസ്തുക്കള്‍ തകര്‍ക്കുകയും ചെയ്‌തു. ബൂത്തുകളില്‍ കടന്നുകയറി പ്രവര്‍ത്തനവും സ്തംഭിപ്പിച്ചു. തുടര്‍ന്ന് യുവജന സംഘടനാ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിക്കവെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയ ശേഷമാണ് ടോൾ പിരിവ് പുനരാരംഭിച്ചത്.
ജൂണ്‍ ഒന്നിനും ടോള്‍ പിരിവ് തുടങ്ങുന്നതിനെതിരെ സമരക്കാർ പ്രതിഷേധിച്ചിരുന്നു. അന്ന് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പലതും പൂര്‍ത്തിയാക്കിയിട്ടില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. പാത ആറുവരിയായി പൂര്‍ത്തിയാക്കിയ ശേഷമേ ടോള്‍ അനുവദിക്കൂവെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
Also read: ടോൾ പിരിവ് ആരംഭിക്കാൻ നീക്കം, കൊല്ലം ബൈപ്പാസിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം
അതേ സമയം, സമരക്കാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചതായും ഇനിയുള്ളവ ടോൾ പിരിവ് തുടങ്ങിയ ശേഷം പരിഗണിക്കുമെന്നും കരാർ കമ്പനി ഉറപ്പ് നല്‍കി. പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കിയ ശേഷം ടോൾ പിരിവ് പുനരാരംഭിച്ചു. ഫാസ് ടാഗ് വഴിയുള്ള പിരിവാണ് ആരംഭിച്ചത്. വാഹനങ്ങൾ തടഞ്ഞ് നിർത്തിയുള്ള പിരിവ് തുടങ്ങിയിട്ടില്ല.