കൊല്ലം : ഗണേഷ് കുമാറിനും മുകേഷിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടന്‍ ഷമ്മി തിലകൻ രംഗത്ത്. സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് വീട് നിർമിച്ചുനൽകിയെന്നും, മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എംഎൽഎ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. കടുത്ത ജാതി വിവേചനം അമ്മയിൽ നിലനിൽക്കുന്നതായും ഷമ്മി കൂട്ടിച്ചേർത്തു.
ഗണേഷ് കുമാറിൻ്റെ ആരോപണങ്ങൾ അസംബന്ധമെന്ന് പറഞ്ഞ ഷമ്മി തിലകൻ രൂക്ഷമായ പ്രത്യാരോപണങ്ങളാണ് ഉന്നയിച്ചത്. ഗണേഷ് കുമാറിൻ്റെ ബന്ധുവായ ഡിവൈഎസ്‌പി തനിക്കെതിരെ കള്ളക്കേസുകൾ എടുക്കുകയും കള്ളക്കഥ ഗണേഷിന് പറഞ്ഞുകൊടുക്കുകയും ചെയ്‌തിട്ടുണ്ട്.
താൻ ഷൂട്ട് ചെയ്തുവെന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു എന്ന് തെളിയിച്ചാൽ പകുതി ക്ഷൗരം ചെയ്യാം. വിനയന്‍റെ സിനിമയിൽ തനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ മുകേഷും ഇന്നസെന്‍റും അതിൽ അഭിനയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും ഷമ്മി പറഞ്ഞു. 2018 മുതൽ തനിക്ക് സംഘടനയിൽ നിന്ന് അപ്രഖ്യാപിത വിലക്കുണ്ടെന്നും ഷമ്മി തിലകൻ തുറന്നടിച്ചു.