കൊല്ലം: നാല് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭയുടെ പ്രധാന കാര്യാലയത്തിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിശ്ചിതകാലത്തേക്ക് വിവിധ അപേക്ഷകൾ നഗരസഭയിൽ നേരിട്ട് സ്വീകരിക്കില്ല. ഇ- മെയിലിൽ അപേക്ഷ നൽകുന്നതിനൊപ്പം നഗരസഭാ ഓഫിസിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിലും നിക്ഷേപിക്കാം.
ജനന, മരണ വിഭാഗം ഒഴികെയുള്ള സെക്ഷനുകളിലാണ് നിയന്ത്രണം. അപേക്ഷകൾ പരമാവധി ഇ- മെയിലായി നൽകണമെന്നാണ് നഗരസഭയുടെ നിർദേശം. ഇ -മെയിലായി നൽകാൻ കഴിയാത്ത രേഖകൾ അപേക്ഷ പെട്ടിയിൽ നിക്ഷേപിക്കാം. എല്ലാ അപേക്ഷകളിലും തിരിച്ച് ബന്ധപ്പെടാനുള്ള ഫോൺ നമ്പരോ ഇ- മെയിൽ അഡ്രസോ വയ്ക്കണം.
ജനന, മരണ വിഭാഗത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകളെ പ്രവേശിപ്പിക്കും. അപേക്ഷകളിൽ പോരായ്മകൾ ഉണ്ടെങ്കിൽ ഫോണിൽ എസ്.എം.എസായി വിവരം അറിയിക്കും. അപേക്ഷ കൃത്യമാണെങ്കിൽ നിശ്ചിത ദിവസത്തിനുള്ളിൽ തീർപ്പാക്കി വിവരം അറിയിക്കും. അപേക്ഷകളുടെ സ്ഥിതി അറിയാൻ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടാം. ഇതുവരെ നഗരസഭയിലെ 22 ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.