കൊല്ലം/വയനാട്: കൊവിഡിനെതിരെ സംസ്ഥാനമാകെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകവേ നിർദേശങ്ങൾ ലംഘിച്ച് കള്ള ഷാപ്പ് ലേലം നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വയനാട്ടിലും കൊല്ലത്തും മാർഗ നിർദേശങ്ങൾ കാറ്റില്‍പറത്തി നടത്തിയ ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. കൊല്ലം ചിന്നക്കട കോംപ്ലക്സില്‍ നടന്ന ലേലത്തിനെതിരെ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായി ഓഫീസ് വളപ്പിനുള്ളില്‍ കയറിയ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് അരുൺ രാജിനെയും സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫിനെയുമാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ എത്തിയ ആർവൈഎഫ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
വയനാട് കലക്ട്രേറ്റില്‍ നടത്തിയ കള്ള് ഷാപ്പ് ലേലത്തിലും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും എംഎസ്എഫ് പ്രവർത്തരും എത്തിയിരുന്നു. ഹാളിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് എംഎസ്എഫ് പ്രവർത്തകരരെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കി. മൂന്ന് റേഞ്ചുകളിലേക്കുള്ള ലേലത്തിൽ മുപ്പതോളം പേർ പങ്കെടുത്തു. എഡിഎമ്മിന്‍റെ അധ്യക്ഷതയിൽ ഒരു മീറ്റർ ദൂരം പാലിച്ചായിരുന്നു ലേലനടപടികൾ നടന്നത്.