കൊല്ലം: ബസിൻ്റെ മുൻവശം അലങ്കരിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡയിലെടുത്തു പിഴ ചുമത്തി. ചവറ-കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന വടക്കുംനാഥൻ എന്ന സ്വകാര്യ ബസാണ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ് സിനിമ താരം സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ബസ് അലങ്കരിച്ച് സർവീസ് നടത്തിയത്.
ബസിൻ്റെ മുൻവശം ബലൂണുകൾ വെച്ച് കെട്ടി ഡ്രൈവർക്ക് നല്ല രീതിയിൽ റോഡ് കാണാൻ കഴിയാത്ത തരത്തിലായിരുന്നു. മറ്റ് വാഹന യാത്രക്കാർ ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന ട്രാഫിക് എസ്.ഐ ഷഹാലുദ്ദീനോട് പരാതിപ്പെട്ടതിനെ തുടർന്ന് താലൂക്ക് കച്ചേരി ജങ്ഷനിൽ വെച്ചാണ് ബസ് പിടികൂടിയത്. പിഴചുമത്തുകയും, ബസിൻ്റെ മുന്നിൽ കെട്ടിയിരുന്ന ബലൂൺ, റിബൺ, മാല, ഫ്ലക്‌സ് എന്നിവ അഴിച്ച് മാറ്റുകയും ചെയ്‌തതിന് ശേഷമാണ് വീണ്ടും സർവീസ് നടത്താൻ അനുവദിച്ചത്.
ഏതാനും ദിവസം മുൻപ് പെരുമൺ എൻജിനിയറിങ് കോളജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ കൊമ്പൻ എന്ന ബസിന് മുകളിൽ അപകടകരമാംവിധം പൂത്തിരി കത്തിച്ചത് ഏറെ വിവാദമായിരുന്നു. ബസിനെതിരെ പൊലീസും വാഹന വകുപ്പും കേസെടുക്കുകയും ചെയ്‌തിരുന്നു.