കൊല്ലം: കെപിസിസി ജനറല്‍ സെക്രട്ടറിയും ചാത്തന്നൂർ മുൻ എംഎൽഎയുമായിരുന്ന പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതി വീണ് പരിക്കേറ്റതിനെത്തുടർന്ന് ജില്ല ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. 2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്‍റായിരുന്നു.
കെഎസ്‌യു പ്രവർത്തകനായാണ് പ്രതാപവർമ തമ്പാൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ പാർട്ടിയുടെയും അനുബന്ധ സംഘടനകളുടെയും സംസ്ഥാന നേതൃത്വത്തിൽ തമ്പാൻ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2001-2006 കാലത്താണ് ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം നിയമസഭയിലെത്തിയത്.
പ്രതാപവർമ തമ്പാന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ ആന്‍റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ അനുശോചനം രേഖപ്പെടുത്തി.