കൊല്ലം: ലോക്ക് ഡൗൺ കാലത്ത് വാറ്റുചാരായം വിൽപ്പന നടത്തിയാൾ പിടിയിൽ. കൊട്ടിയം കണ്ടച്ചിറമുക്ക് പുഷ്‌പ വിലാസത്തിൽ അനിൽ ആൻഡ്രൂസാണ് പിടിയിലായത്. നാല് ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും ഇയാളുടെ പക്കൽ നിന്നും കൊട്ടിയം പൊലീസ് പിടിച്ചെടുത്തു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എസ്.ഐ.മാരായ സജീർ, അനൂപ്, പ്രവീൺ, എ.എസ്.ഐ. ശശിധരൻ പിള്ള എന്നിവരും കൊല്ലം സിറ്റി ഡാൻസാഫ് എസ്.ഐ ജയകുമാറിന്‍റേയും ടീമിന്‍റേയും നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധനയിലൂടെ പ്രതിയെ പിടികൂടിയത്.
ലോക്ക് ഡൗൺ ആയതിനാൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കായൽ തീരങ്ങൾ, തുരുത്തുകൾ, ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, പറമ്പുകൾ, വനമേഖലകൾ എന്നിവ കേന്ദ്രീകരിച്ച് ചാരായം വാറ്റ് സംഘങ്ങൾ സജീവമാണ്. ഒരു കുപ്പി വാറ്റ് ചാരായത്തിന് രണ്ടായിരം മുതൽ മൂവായിരം രൂപ വരെയാണ് സംഘങ്ങൾ വിൽപ്പന നടത്തിവരുന്നത്. പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.