കൊല്ലം: പെരുമൺ പാലത്തിന്റെ ബലക്ഷയം അടിയന്തരമായി പരിശോധിക്കാൻ എഞ്ചിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി തിരുവനന്തപുരം അഡീഷണൽ ഡിആർഎം കെ ജയകുമാർ. ബലക്ഷയം കണ്ടെത്തിയാൽ ട്രെയിനുകൾക്ക് വേഗം കുറയ്ക്കാൻ നിർദേശം നൽകും. യാത്രക്കാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ഇ ടി വി ഭാരതിനോട് പറഞ്ഞു.
പെരുമൺ പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച വാർത്ത ഇടിവി ഭാരത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവെയുടെ അടിയന്തര നടപടി. പ്രധാന പില്ലറുകളിൽ നിന്ന് കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്ന നിലയിലായിരുന്നു റെയിൽ പാലം. പുറത്തുവന്ന ഇരുമ്പു കമ്പികളിൽ തുരുമ്പ് കയറിയിരുന്നു. മധ്യഭാഗത്തെ പില്ലറിൽ നേരത്തെ സിമന്‍റ് കൊണ്ട് അടച്ച ഭാഗമാണ് വീണ്ടും അടർന്ന് വീണത്.