കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലിൽ ചാടി ആത്മഹത്യ ചെയ്‌തു. വെള്ളിമൺ തോട്ടുംകര സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖിയാണ് മൂന്നു വയസുള്ള മകൻ ആദിയുമായി അഷ്ടമുടിക്കായലിൽ ചാടിയത്. ഇരുവരുടെയും മൃതദേഹം കണ്ടെത്തി. 23കാരിയായ രാഖിയും മൂന്ന് വയസുള്ള ആദിയെയും ഇന്നലെ രാത്രി മുതലാണ് കാണാതായത്. തുടർന്ന് കുണ്ടറ പൊലീസ് കേസെടുത്തിരുന്നു.
രാവിലെയാണ് അഷ്ടമുടിക്കായലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. രാഖിയുടെയും കുട്ടിയുടെയും ചെരുപ്പുകൾ അഷ്ടമുടി കായലിന്‍റെ സമീപത്തു നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയത്. ഭർത്താവ് ഷിജുവുമായുള്ള ദാമ്പത്യപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സ്വകാര്യ ബസ് കണ്ടക്‌ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടിൽ ബഹളം വയ്ക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.