കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയിൽ വച്ച് കാറിന് നേരെ ആക്രമണമുണ്ടായ കേസിൽ ഇഎംസിസി എം.ഡിയും കാറിന്‍റെ ഉടമയുമായ ഷിജു വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോവയിൽ നിന്നാണ് പൊലീസ് ഷിജു വർഗീസിനെ പിടിയിലാവുന്നത്.
ഗൂഡാലോചന ഷിജു വർഗീസിന്‍റെ നേത്യത്വത്തിലാണെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ വിവാദ നായികയുടെ സെക്യൂരിറ്റിയായ ക്വട്ടേഷൻ സംഘാഗമാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം സംഘം രക്ഷപെട്ട കറുത്ത കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നാല് പേർ ഉൾപ്പെട്ട സംഘമാണ് ആക്രമണ നാടകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഷിജു വർഗീസിന്‍റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യലിനെ തുടർന്നാണ് അന്വേഷണം പൊലീസ് ഊർജിതമാക്കിയത്. മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ കുണ്ടറയില്‍ മത്സരിച്ചയാളാണ് ഷിജു വര്‍ഗീസ്. സംഭവ നടന്ന ദിവസം മന്ത്രി മേഴ്സി കുട്ടിയമ്മ ഇതിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിൽ രാഷ്ട്രീയ ഗൂഡാലോചന നടന്നതായും മേഴ്സി കുട്ടിയമ്മ ആരോപിച്ചിരുന്നു.