കൊല്ലം : വൈറലായ ശബ്ദരേഖയില്‍ വിശദീകരണവുമായി കൊല്ലം എംഎൽഎ എം.മുകേഷ്. തനിക്കെതിരെ നടക്കുന്ന ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പെന്ന് മുകേഷ് ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ പല രീതിയിലുള്ള ആക്രമണമാണ് താൻ നേരിടുന്നതെന്നും പലതരം ഫോൺ കോളുകൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും മുകേഷ് പറഞ്ഞു.
ഫോൺ കോൾ രാഷ്ട്രീയ ലക്ഷ്യത്തോടെ
രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ഫോൺ വിളിയാണ് ഉണ്ടായതെന്നും ആരും ഇത് വിശ്വസിക്കരുതെന്നും പ്രചരണത്തിനെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. ഫോൺ സംഭാഷണം റെക്കോഡ് ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടാണ് പ്രകോപനപരമായി തന്നെ വിളിച്ചത്.
മീറ്റിങ്ങിനിടയിൽ ആറ് പ്രാവശ്യമാണ് തന്നെ വിളിച്ചത്. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിട്ടും വീണ്ടും വിളിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയിൽ പലരും തന്നെ വിളിക്കുന്നുണ്ട്.
ട്രെയിൻ ലേറ്റ് ആയോന്ന് ചോദിച്ചാണ് ചിലർ വിളിക്കുന്നതെങ്കിൽ കറന്‍റില്ലാത്തതാണ് ചിലർക്ക് പ്രശ്നം. ആരോ പ്ലാൻ ചെയ്ത് വിളിക്കുന്നത് പോലെയാണ് ഇത്തരം വിളികള്‍ - മുകേഷ് പറയുന്നു.
ആറ് പ്രാവശ്യം കുട്ടി വിളിച്ചു. മീറ്റിങ്ങിലാണ് തിരിച്ചുവിളിക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും അതിന് തടസമുണ്ടാകുന്ന രീതിയിൽ വീണ്ടും വിളിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ആദ്യം മുതലുള്ള റെക്കോർഡ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിക്കുന്നു.
പത്താം ക്ലാസ് വിദ്യാർഥിയോട് കയർത്ത് മുകേഷ്
പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച കുട്ടിയോട് എംഎൽഎ കയർത്തുസംസാരിക്കുന്ന ഓഡിയോ ആണ് വൈറലായത്. പാലക്കാട് ഉള്ള ആൾ കൊല്ലം എംഎൽഎ ആയ തന്നെ എന്തിനാണ് വിളിക്കുന്നതെന്ന് മുകേഷ് ചോദിക്കുന്നു.
Also Read: 'കള്ളന്‍റെ താടി'; റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍
കൂട്ടുകാരൻ തന്ന നമ്പറാണെന്ന് കുട്ടി പറയുമ്പോൾ നമ്പർ തന്നയാളുടെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുക്കണമെന്ന് മുകേഷ് പറയുന്നു. സ്വന്തം എംഎൽഎ മരിച്ചുപോയ പോലെയാണ് തന്നെ വിളിക്കുന്നത്. ഇത് വിളച്ചിലാണ്.
അവസാനം സ്വന്തം എംഎൽഎ ആരെന്ന് അറിയുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് കുട്ടി മറുപടി പറയുന്നുണ്ട്. സ്വന്തം എംഎൽഎ ആരെന്ന് അറിയാതെ പത്താം ക്ലാസിൽ പഠിക്കുന്ന നിന്നെ ചൂരൽ വച്ച് അടിക്കണമെന്ന് പരാമര്‍ശിച്ചും മുകേഷ് കുട്ടിയോട് കയർക്കുന്നു. അതേസമയം മുകേഷിനോട് കുട്ടി സോറി പറയുകയും ചെയ്യുന്നുണ്ട്.