കൊല്ലം കടയ്ക്കൽ പൊലീസ് സ്റ്റേഷന് മുന്നിൽഇന്ന് ഉച്ചയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മകൻ റഹീമുമായുള്ളവഴക്കിനെ തുടർന്ന് പ്രദേശ വാസിയായ അബ്ദുൽസലാം പരാതിയുമായി സ്റ്റേഷനിൽ എത്തി. എട്ടുമണിയോടെ സ്റ്റേഷനിലെത്തിയ അബ്ദുൽ സലാമിനെ ഒരു മണിവരെയും സിഐയെ കാണാൻ പൊലീസുകാർ അനുവദിച്ചില്ലെന്നും തിരക്കൊഴിയുമ്പോൾ കാണാമെന്ന് മറ്റ് പൊലീസുകാർ അറിയിച്ചതായും അബ്ദുൽസലാം പറയുന്നു. എന്നാൽ ഒരു മണിയോടെ സിഐ സ്റ്റേഷനിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. തുടർന്നാണ് അബ്ദുൽസലാം സ്റ്റേഷനുമുന്നിൽ കിടന്ന് പ്രതിഷേധിച്ചത്.
മകന്‍റെ ഉപദ്രവം കാരണം തനിക്ക് ആ വീട്ടിൽ താമസിക്കാൻ കഴിയുന്നില്ലെന്നും തന്‍റെ പേരിലുള്ള വീട്ടിൽ നിന്നും മകനെയും ഭാര്യയെയും ഇറക്കി തരണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുൽസലാം സ്റ്റേഷനിലെത്തിയത്. അതേസമയം, കഴിഞ്ഞ ഒരുമാസമായി അബ്ദുൽസലാം ഇതേ പരാതിയുമായി സ്റ്റേഷനിൽ വരാറുണ്ടെന്നും പലപ്രാവശ്യം മകനായ റഹിമിനെയും അബ്ദുൽ സലാമിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പ് ആക്കിയതാണെന്നും പൊലീസ് അറിയിച്ചു.