കൊല്ലം: സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റിയിൽ കാനം രാജേന്ദ്രൻ പക്ഷത്തിന് തിരിച്ചടി. ജില്ലാ അസിസ്‌റ്റന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ ഔദ്യേഗികപക്ഷത്തെ പരാജയപ്പെടുത്തി ഇസ്‌മയില്‍ പക്ഷം വിജയിച്ചു. കാനം പക്ഷക്കാരായ ആർ. രാജേന്ദ്രൻ, കെ. ശിവശങ്കരൻ നായർ എന്നിവരെ പരാജയപ്പെടുത്തി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ പി.എസ്.സുപാൽ, കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ ജി.ലാലു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്നാണ് അസിസ്‌റ്റന്‍റ് സെക്രട്ടറി തെരെഞ്ഞടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. എൻ. അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയതും ജി.എസ് ജയലാൽ എം.എൽ.എയുടെ ആശുപത്രി വിവാദവും പാർട്ടിയില്‍ വൻ ചേരിതിരിവ് സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് അസിസ്‌റ്റന്‍റ് സെക്രട്ടറിമാരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ അവസാനിച്ചത്.