കൊല്ലം: ജില്ലയില്‍ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മെയ് 16 ന് ഐഎക്സ് 538 അബുദബി തിരുവനന്തപുരം വിമാനത്തിലെത്തിയ കുളത്തൂപ്പുഴ സ്വദേശികളായ ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ തൊട്ടടുത്ത സീറ്റുകളിൽ യാത്ര ചെയ്തവരാണ്. 27 വയസുള്ള യുവതി അവരുടെ ഒന്നും നാലും വയസുള്ള പെൺകുട്ടികൾ 58 വയസുള്ള അമ്മ എന്നിവർ ഗൃഹനിരീക്ഷണത്തിലായിരുന്നു. വിമാനയാത്രക്കാരിൽ ചിലർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടിയായി ജില്ലയിലെ 67 യാത്രികരുടേയും സാമ്പിൾ ശേഖരിക്കുകയായിരുന്നു. രോഗലക്ഷണം ബോധ്യമായതോടെ മുൻകരുതൽ നടപടി എന്ന നിലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയും രോഗം സ്ഥിരീകരിച്ചതോടെ നാലു പേരെയും പാരിപ്പള്ളി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രവാസികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കൊവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു.