കൊല്ലം: നീറ്റ് (National Eligibility and Entrance Test) പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് യുവജന കമ്മിഷൻ. ചെയർപേഴ്‌സൺ ചിന്ത ജെറോമാണ് ഇക്കാര്യം അറിയിച്ചത്. വാർത്തയറിഞ്ഞ ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. പരാതിയെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാന്‍ പൊലീസിനോട് ആവശ്യപ്പെട്ടെന്നും യുവജന കമ്മിഷൻ അധ്യക്ഷ ഇ.ടി.വി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ മനോവീര്യം തകർക്കുന്ന നിലപാടാണ് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍. ഇതിന് മുന്‍പും കേരളത്തിൽ സമാന പരാതികൾ ഉയർന്നിട്ടുണ്ട്. അന്നും യുവജന കമ്മിഷൻ ശക്തമായ ഇടപെടല്‍ നടത്തിയുണ്ട്. പല പെൺകുട്ടികൾക്കും ഇത്തരം സമാനമായ പരാതിയുള്ളതായി കമ്മിഷൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങൾ നേരിട്ട പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും യുവജന കമ്മിഷൻ്റെ പൂർണ പിന്തുണയുണ്ടാകും.
'ആവർത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി': സമഗ്രമായ അന്വേഷണം നടത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഉള്ള കർശന നടപടി സ്വീകരിക്കാന്‍ കമ്മിഷൻ്റെ ഭാഗത്തുനിന്നും നിർദേശങ്ങളും ഇടപെടലുകളുമുണ്ടാകുമെന്നും ചിന്ത ജെറോം പറഞ്ഞു. കൊല്ലം ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പരീക്ഷാകേന്ദ്രത്തിലാണ് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയത്.
സംഭവത്തില്‍, ഒരു പെണ്‍കുട്ടിയുടെ പിതാവ് കൊട്ടരക്കര ഡി.വൈ.എസ്.പിയ്‌ക്ക് പരാതി നല്‍കി. അടിവസ്‌ത്രം ഊരി പരിശോധിച്ച ശേഷമേ അകത്തുകയറാന്‍ അനുവദിച്ചുളളൂവെന്ന് പരാതിയില്‍ പറയുന്നു. ഞായറാഴ്‌ചയായിരുന്നു രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടന്നത്. അധികൃതരുടെ നടപടിയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നല്ലതുപോലെ എഴുതാനായില്ലെന്നും ആക്ഷേപമുയര്‍ന്നു.
ALSO READ| പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: പൊലീസിൽ പരാതി നൽകി രക്ഷിതാവ്