കൊല്ലം: ആട്ടിൻ പറ്റങ്ങളെ പോലെ അഴിച്ച് വിട്ടാൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അച്ചടക്കമില്ലാത്ത പ്രവർത്തനം മൂലമാണ് ജില്ലയിൽ കോൺഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നതെന്നും ജില്ലാ നേതൃയോഗത്തിൽ കൊടിക്കുന്നിൽ വിമർശിച്ചു.ആട്ടിൻ പറ്റങ്ങളെ പോലെ സ്ഥാനാർഥികൾക്ക് ചിഹ്നം നൽകി വിട്ടാൽ ആരും വിജയിക്കില്ല. സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ദൗത്യം പാർട്ടി ഏറ്റെടുക്കണം. ഇതൊന്നും സംഭവിക്കാത്തത് മൂലമാണ് ജില്ലയിൽ കനത്ത പരാജയം നേരിടേണ്ടി വന്നതെന്നും കൊടിക്കുന്നിൽ യോഗത്തിൽ വിമർശിച്ചു.നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോയാൽ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി കൊല്ലത്ത് ഉണ്ടാകുമെന്ന് യോഗത്തിൽ കൊടിക്കുന്നിൽ മുന്നറിയിപ്പ് നൽകി
ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനെതിരെയും കൊടിക്കുന്നിൽ യോഗത്തിൽ വിമർശനം ഉന്നയിച്ചു. എഐസിസി പ്രതിനിധി പങ്കെടുത്ത യോഗത്തിലായിരുന്നു കൊടിക്കുന്നിലിന്‍റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം എല്ലാ ജില്ലകളിലും എഐസിസി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കോൺഗ്രസ് നേതൃയോഗങ്ങൾ നടക്കുന്നത്.
കൊല്ലത്ത് നടന്ന നേതൃയോഗത്തിൽ തെക്കൻ കേരളത്തിന്‍റെ ചുമതല വഹിക്കുന്ന പി വിശ്വനാഥനും പങ്കെടുത്തു.നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ അഴിച്ച് പണി ജില്ലയിലെ പാർട്ടിയിൽ ആവശ്യമാണെന്ന് മുതിർന്ന നേതാക്കൾ എഐസി പ്രതിനിധി വിശ്വനാഥനെ ബോധ്യപ്പെടുത്തി. ബ്ലോക്ക് മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും പങ്കെടുത്ത ശേഷമാണ് എഐസിസിയുടെ പ്രതിനിധി കൊല്ലത്ത് നിന്നും മടങ്ങിയത്. ജനുവരി 26ന് ശേഷം ബ്ലോക്ക്, മണ്ഡലം തലം മുതൽ പാർട്ടിയിൽ അഴിച്ച് പണി ഉണ്ടാവാനാണ് സാധ്യത.