കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിത ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു (Justice Fathima Beevi passes away). 96 വയസായിരുന്നു. വ്യാഴാഴ്‌ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. തമിഴ്‌നാട് മുന്‍ ഗവര്‍ണറായും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായും ജസ്റ്റിസ് ഫാത്തിമ ബീവി പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ സ്‌ത്രീകൾക്ക് മാതൃകയും ഐക്കണുമായി തീർന്ന ജീവിതമായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയുടേത്. 1927 ഏപ്രിൽ 30ന് പത്തനംതിട്ട ജില്ലയിലായിരുന്നു ജനനം. അണ്ണാവീട്ടിൽ മീര സാഹിബിന്‍റെയും ഖദീജ ബീവിയുടെയും എട്ട് മക്കളിൽ മൂത്തവളായിരുന്നു ഫാത്തിമ ബീവി.
പത്തനംതിട്ട കത്തോലിക്കേറ്റ് സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫാത്തിമ ബീവി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്നാണ് ബിരുദം നേടിയത്. സയൻസ് ആയിരുന്നു ഐച്ഛിക വിഷയം. സർക്കാർ ഉദ്യോഗസ്ഥനായ പിതാവ് മകളുടെ പഠനത്തെ പ്രോത്സാഹിപ്പിച്ച് ഒപ്പമുണ്ടായിരുന്നു. യാഥാസ്ഥിതിക ചുറ്റുപാടിന്‍റെ വേലിക്കെട്ടുകൾ തകർത്തുകൊണ്ടുള്ള ഫാത്തിമ ബീവിയുടെ നിലപാട് അക്കാലത്ത് ധീരമായ ഒരു നീക്കം തന്നെയായിരുന്നു.
എംഎസ്‌സി ആയിരുന്നു ഫാത്തിമ ബീവി ആഗ്രഹിച്ചതെങ്കിലും നിയമം പഠിക്കണമെന്ന പിതാവിന്‍റെ നിർദേശമനുസരിച്ചാണ് അവർ തിരുവനന്തപുരം ലോ കോളജിൽ ചേരുന്നത്. അതിനുശേഷം ഒരു വർഷം സീനിയർ അഭിഭാഷകന്‍റെ കീഴിൽ ഇന്‍റേൺഷിപ്പ് ചെയ്‌തു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരീക്ഷയിൽ ഒന്നാമതെത്തിയ ഫാത്തിമ ബീവി സ്വർണമെഡൽ നേടുകയും ചെയ്‌തു. ബാർ കൗൺസിൽ സ്വർണമെഡൽ നേടുന്ന ആദ്യ വനിതയുമായി ഫാത്തിമ ബീവി.
1950 നവംബർ 14നാണ് അഭിഭാഷകയായി ഫാത്തിമ ബീവി എൻറോൾ ചെയ്‌തത്. തുടർന്ന് 1958 ല്‍ സബോർഡിനേറ്റ് മുൻസിഫായി നിയമനം നേടി. പിന്നാലെ 1968 ല്‍ സബോർഡിനേറ്റ് ജഡ്‌ജ് ആയി സ്ഥാനക്കയറ്റം നേടിയ ഫാത്തിമ ബീവി 1972ല്‍ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായി ചുമതലയേറ്റു.
1974 ല്‍ ജില്ലാ സെഷൻസ് ജഡ്‌ജിയായും 1983 ഓഗസ്റ്റ് 4ന് കേരള ഹൈക്കോടതി ജഡ്‌ജിയായും ഫാത്തിമ ബീവി നിയമിക്കപ്പെട്ടു. 1989 ഏപ്രിൽ 30 ന് സർവീസിൽ നിന്നും വിരമിച്ചെങ്കിലും ആറാ മാസം സുപ്രീം കോടതി ജഡ്‌ജിയായി നിയമിതയായി ചരിത്രം സൃഷ്‌ടിക്കാൻ ഫാത്തിമ ബീവിയ്‌ക്കായി. 1989 ഒക്ടോബർ 6നാണ് ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്‌ജിയായി നിയമിതയാകുന്നത്.
1992 ഏപ്രിൽ 29ന് വിരമിച്ചതിന് ശേഷമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി സേവനമനുഷ്‌ഠിച്ചത്. പിന്നീട് 1997 ജനുവരി 25 മുതല്‍ 2001 ജൂലൈ 3 വരെ തമിഴ്‌നാട് ഗവർണറായി പ്രവര്‍ത്തിച്ചു. ഗവർണറായിരുന്ന കാലത്ത് അവർ തമിഴ്‌നാട് സർവകലാശാലയുടെ ചാൻസലറായും സേവനമനുഷ്‌ഠിച്ചിരുന്നു.
ഇന്ത്യൻ ജുഡീഷ്യറിയിലെ പുരുഷാധിപത്യത്തെ കുറിച്ച് ഫാത്തിമ ബീവി പലപ്പോഴായി സംസാരിച്ചിരുന്നു. ബാറിലും ബെഞ്ചിലുമായി ധാരാളം സ്‌ത്രീകൾ ഈ രംഗത്തുണ്ടെങ്കിലും അവരുടെ പങ്കാളിത്തം തുച്ഛമാണെന്ന് ഫാത്തിമ ബീവി ചൂണ്ടിക്കാട്ടി. സ്‌ത്രീകളുടെ പ്രാതിനിധ്യം പുരുഷന്മാർക്ക് തുല്യമല്ലെന്നും ഫാത്തിമ ബീവി പറഞ്ഞിരുന്നു.
'അതിനും ചരിത്രപരമായ കാരണമുണ്ട്...സ്‌ത്രീകൾ വൈകിയാണ് ഈ മേഖലയിലേക്ക് എത്തിയത്. ജുഡീഷ്യറിയിൽ സ്‌ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കാൻ സമയമെടുക്കും. ഞാൻ ലോ കോളജിൽ പോയപ്പോൾ ഒന്നാം വർഷ ക്ലാസിൽ അഞ്ച് പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം വർഷത്തിൽ എണ്ണം രണ്ടോ മൂന്നോ ആയി കുറഞ്ഞു. ഇന്ന്, ലോ കോളജുകളിലെ വിദ്യാർഥികളിൽ നല്ലൊരു ശതമാനം പെൺകുട്ടികളാണെന്ന് കാണാം'- 2016ൽ ദി വീക്കിന് നൽകിയ അഭിമുഖത്തിൽ ഫാത്തിമ ബീവി പറഞ്ഞു.
അതേസമയം തമിഴ്‌നാട് ഗവർണറായി നിയമിതയായതിന് പിന്നാലെ ഫാത്തിമ ബീവി വിവാദങ്ങളിലും അകപ്പെട്ടു. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയ്‌ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയാകാൻ അനുവദിച്ചതാണ് വിവാദത്തിന് കാരണമായത്. ഭരണഘടനയുടെ 164-ാം അനുച്ഛേദം പ്രകാരമാണ് ഫാത്തിമ ബീവി അനുമതി നൽകിയത്. വിവാദം കടുത്തതോടെ ഫാത്തിമ ബീവി ഗവർണർ പദവി രാജിവയ്‌ക്കുകയായിരുന്നു.
ഏഷ്യയിൽ തന്നെ ഒരു രാജ്യത്തെ സുപ്രീം കോടതി ജഡ്‌ജിയാകുന്ന ആദ്യ വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിയ്‌ക്ക് സ്വന്തമാണ്. 1990-ൽ ഡി. ലിറ്റ്, മഹിളാ ശിരോമണി അവാർഡ് നേടി. ഭാരത് ജ്യോതി അവാർഡ്, യുഎസ് - ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം എന്നിവയും ഫാത്തിമ ബീവിയെ തേടിയെത്തി.