കൊല്ലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് രാമായണത്തിലെ കഥാപാത്രമായ ജഡായുവിനെ ശില്പമായി സൃഷ്ടിച്ചപ്പോൾ അത് ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പമായി മാറി. പക്ഷേ ചടയമംഗലത്ത് നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള കൊട്ടാരക്കര സ്വദേശിയായ അണ്ടൂർ ഗോപൻ ഇതുവരെ ജഡായു ശില്പം നേരില്‍ കണ്ടിട്ടില്ല. ആ ആഗ്രഹം മനസില്‍ ബാക്കിയാകുമ്പോഴും മനസിലുള്ള ജഡായുവിന്‍റെ ചെറു രൂപം ഗോപൻ വീട്ടില്‍ നിർമിച്ചു.
അഞ്ച് മാസം കൊണ്ട് പേപ്പർ പൾപ്പും മണല്‍ തരികളും ഉപയോഗിച്ചാണ് പെയിന്‍റിങ് തൊഴിലാളിയായ അണ്ടൂർ ഗോപൻ തന്‍റെ ചെറുപ്പം മുതലുള്ള ആഗ്രഹം സഫലമാക്കിയത്. പെയിന്‍റിങ് ജോലിക്കിടയിൽ കിട്ടിയ ഒഴിവു സമയത്ത് നിർമിച്ച ശില്പത്തിന് രണ്ടര അടി നീളവും രണ്ടടി വീതിയുമാണുള്ളത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങൾ കണ്ടാണ് സമുദ്രനിരപ്പിൽ നിന്ന് 750 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജഡായു പക്ഷിയുടെ ശില്പം ഗോപൻ നിർമിച്ചത്. രണ്ടുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിനൊപ്പം ചടയമംഗലത്തെ ജഡായു ശില്പം നേരില്‍ കാണണമെന്നും യഥാർഥ പക്ഷിശില്പത്തിന്‍റെ ശില്പിയായ രാജീവ് അഞ്ചലിനെ തന്‍റെ ചെറു ശില്പം കാണിക്കണമെന്നുമാണ് അണ്ടൂർ ഗോപന്‍റെ ആഗ്രഹം.