കൊല്ലം: കുണ്ടറയിൽ യുവതിയും കുഞ്ഞും കായലിൽച്ചാടി ആത്മഹത്യ ചെയ്‌തതിനു പിന്നാലെ ഭർത്താവ് തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ് മരിച്ചത്. സ്വകാര്യ ബസിൽ കണ്ടക്‌ടറായിരുന്നു സിജു. ഭാര്യ രാഖി, മകൻ ആദി എന്നിവർ ആത്മഹത്യ ചെയ്‌തത് ഇന്നലെയാണ്. തുടർന്ന് സിജു ഇന്ന് പുലർച്ചെയാണ് വീട്ടിലെത്തിയത്. വിവരമറിഞ്ഞ് കുണ്ടറ പൊലീസ് സ്ഥലത്തെത്തിയപ്പോൾ സിജുവിനെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
വെള്ളിമൺ തോട്ടുംകര സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖിയാണ് കഴിഞ്ഞ ദിവസം മൂന്നു വയസുള്ള മകൻ ആദിയുമായി അഷ്‌ടമുടിക്കായലിൽ ചാടിയത്. മിനിഞ്ഞാന്ന് രാത്രി മുതൽ ഇരുവരെയും കാണാതായിരുന്നു. തുടർന്ന് കുണ്ടറ പൊലീസ് കേസെടുത്തു. കായലിൽ ആദ്യം രാഖിയുടെ മൃതദേഹവും പിന്നീട് കുഞ്ഞിൻ്റെ മൃതശരീരവും കണ്ടെത്തി. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് യുവതി കുഞ്ഞുമായി കായലിൽ ചാടിയെന്നാണ് പൊലീസ് നൽകുന്ന വിവരം.