കൊല്ലം: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയിലെ തീരദേശ മേഖലയില്‍ കടൽ പ്രക്ഷുബ്ധം. മുണ്ടക്കൽ, കാക്കത്തോപ്പ് കളീയിക്കൽ, താന്നി പ്രദേശങ്ങളിലെ തീരദേശ റോഡും, കടൽഭിത്തികളും കടൽ കവർന്നു. ഇതോടെ തീരദേശവാസികൾ ആശങ്കയിലാണ്. തകർന്ന തീരദേശ റോഡില്‍ മാസങ്ങൾക്ക് മുമ്പാണ് ടാറിങ് ഒഴികെ മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഈ റോഡാണ് ഇപ്പോൾ തിരമാലകൾ കവർന്നെടുക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത്.
കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്തവ അവസ്ഥയിലാണ്. ജൂൺ ആദ്യവാരം കാലവർഷം ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കാലവർഷം കൂടി ശക്തമാകുന്നതോടെ തീരദേശമേഖല കടുത്ത ദുരിതത്തിലേക്കാണ് നീങ്ങുന്നത്.