കൊല്ലം: ചെറുമകന്‍റെ ചവിട്ടേറ്റ് വീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ച കേസിലെ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്പുഴ മത്തങ്ങാമുക്ക് സ്വദേശി എൻ. പുരുഷോത്തമൻ ആചാരി (78) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പുരുഷോത്തമന്‍റെ മകൾ രാധാമണിയുടെ മകൻ ഷിബുവിന്‍റെ ചവിട്ടേറ്റാണ് പുരുഷോത്തമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതേ തുടര്‍ന്ന് ഒളിവിൽ കഴിയവേയാണ് പ്രതി ഷിബുവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്‌തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷിബുവെന്ന് പൊലീസ് പറഞ്ഞു.
ചവിട്ടേറ്റതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച പുരുഷോത്തമനെ നാട്ടുകാർ കുണ്ടറ താലൂക്കാശുപത്രിയിൽ എത്തിച്ചു. ശേഷം മരുന്നും വാങ്ങി തിരികേ വീട്ടിലെത്തിയ പുരുഷോത്തമൻ കുഴുഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചു. ഭാര്യ ഓമന മരിച്ച ശേഷം രാധാമണിക്കൊപ്പമാണ് പുരുഷോത്തമൻ താമസിക്കുന്നത്. ഷിബു മദ്യപിച്ച് വീട്ടിൽ വഴക്കിടുകയും ഭാര്യ അനിതയെ മർദിക്കുന്നതും പതിവായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ ഷിബു ഭാര്യ അനിതയെ മർദിക്കുന്നത് ചോദ്യം ചെയ്തതോടെ ഷിബു പുരുഷോത്തമനെ ചവിട്ടി വീഴ്ത്തുകയായിരുന്നു.